പന്ത്രണ്ട് വയസ്സ് തികയുമ്പോഴേക്ക് 20 പുസ്തകങ്ങളുടെ എഴുത്തുകാരി. വെറും എഴുത്തുകാരിയല്ല, ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന കാമൽ ഇൻ്റർനാഷണൽ അവാർഡും കരസ്ഥമാക്കിയാണ് മുന്നേറ്റം. തമിഴ്നാട് കടലൂർ സ്വദേശികളായ വരദരാജൻ അയ്യാസാമിയുടെയും രാധികയുടെയും ഏക മകളായ സജിനി വരദരാജൻ എഴുത്തിൻ്റെ ലോകത്ത് പുതിയ താരമാവുകയാണ്.
കുട്ടിക്കാലത്ത് മുത്തച്ഛനിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭ്യമായ പ്രോത്സാഹനമാണ് സജിനിയെ എഴുത്തിൻ്റെ ലോകത്തെത്തിച്ചത്. കുട്ടികൾക്ക് അറിവിൻ്റെ ബാലപാഠങ്ങൾ പകർന്നുനൽകുന്ന സിഡികൾ ഉപയോഗിച്ച് മുത്തച്ഛൻ സജിനിയക്ക് വായനയുടേയും സംഗീതത്തിൻ്റേയും ലോകം തുറന്നുകൊടുത്തു. നാലാം വയസ്സുമുതൽ സജിനി കുഞ്ഞിക്കവിതകൾ പാടാൻ തുടങ്ങിയെന്ന് അമ്മ പറയുന്നു.
വളരുംതോറും അക്ഷരങ്ങളെ കൂട്ടാക്കിയ സജിനി കാണുന്നതെല്ലാം കവിതയും കഥയുമാക്കി. ആദ്യം വെറും ആസ്വാദനം മാത്രമായാണ് കുടുംബം ഇതെല്ലാം കണ്ടത്. എന്നാൽ കവിതകളുടെ എണ്ണം കൂടിയപ്പോൾ സജിനിയുടെ അച്ഛൻ അതെല്ലാം സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങി. ഇതോടെ സജിനിയും എഴുത്തിൻ്റെ ലോകത്ത് പിച്ചവെച്ച് തുടങ്ങി.
ലോകശ്രദ്ധേയമായ ബാലസാഹിത്യ പരമ്പരയായ ജെറോണിമൊ സ്റ്റിൽട്ടൺ വായിക്കാനാരംഭിച്ചതോടെ സജിനിയുടെ വായനയുടേയും എഴുത്തിൻ്റേയും ലോകം വിശാലമായി. അഞ്ച് വർഷം മുമ്പ് ജെറോണിമൊ സ്റ്റിൽട്ടൻ്റെ എഴുത്തുകാരി എലിസബെറ്റ ഡാമിയെ ഷാർജ പുസ്തകോത്സവത്തിൽവെച്ച് കാണാൻ അവസരം ലഭിച്ചതോടെ എഴുത്തിലെ കുട്ടിത്തത്തിന് പുതിയ ചിറകുകൾ മുളച്ചു.
2019ൽ പുറത്തിറങ്ങിയ ദി സൂപ്പർ ജൂനിയർ സീരീസാണ് ആദ്യ പുസ്തകം.പുസ്തകങ്ങളുടെ എണ്ണം ഇരുപതിലെത്തുമ്പോഴേക്ക് ഇന്ത്യ ബുക്കോ ഓഫ് റെക്കോർഡ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവയും തേടിയെത്തി. പത്ത് വയസ്സിനിടെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയതിനാണ് ഇന്ത്യ ബുക്കോ ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയത്.
നിഗൂഢതയും സാഹസികതയുമൊക്കെയാണ് സജിനിയുടെ എഴുത്ത് വിഷയങ്ങളാകുന്നത്. എന്നാൽ മനുഷ്യ ജീവിതങ്ങളെ നിരീക്ഷിച്ച് വായനക്കാരുടെ അഭിരുചി മനസ്സിലാക്കി പുതിയ എഴുത്തുകളിലേക്ക് കടക്കുകയാണെന്ന് ഷാർജ പുസ്തകോത്സവത്തിൽ ഏഷ്യാലൈവിനോട് പ്രതികരിക്കവേ വ്യക്തമാക്കി. ആമസോണിൽനിന്ന് സജിനിയുടെ പുസ്തകങ്ങൾ വാങ്ങാനും വായിക്കാനുമാകും.അബുദാബി ജംസ് യുണൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥിനിയായ സജിനിക്ക് എല്ലാപിന്തുണയുമായി വരദരാജനും രാധികയും ഒപ്പമുണ്ട്.