ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തി കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി പറഞ്ഞത്. ‘തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഇന്ത്യൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല.’ തിരുവല്ല മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.
‘ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിയെടുത്തു. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.’ ഇങ്ങനെ പോകുന്നു മന്ത്രിയുടെ പ്രസംഗം. ഇന്ത്യയിലെ കോടതികളെയും നീതിന്യായ വ്യവസ്ഥയെയും പ്രസംഗത്തില്‍ മന്ത്രി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയ ഒരു മന്ത്രി ഭരണഘടനയെ പരസ്യമായി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഇന്നലെ സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ പേജിലുള്‍പ്പെടെ സജി ചെറിയാന്റെ ഈ വിവാദപ്രസംഗം പങ്കുവെച്ചിരുന്നു. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വീഡിയോ നീക്കം ചെയ്തു.