ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്.
ദക്ഷിണാഫ്രിക്കൻ വനിത കിർസ്റ്റൻ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് റേസ് കിരീടം.ഗോൾഡൻ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടിയത്. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ന്യൂഷാഫർ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവർണ നേട്ടം കരസ്ഥമാക്കിയത്.
സെപ്റ്റംബറിൽ തുടങ്ങിയ ഗോൾഡൻ ഗ്ലോബ് റേസിൽ പതിനാറ് താരങ്ങൾ മൽസരിക്കാനിറങ്ങിയിരുന്നു. എന്നാൽ മത്സരം അവസാനിക്കാറായപ്പോൾ അഭിലാഷ് ടോമിയടക്കം മൂന്ന് പേർ മാത്രമാണ് അവശേഷിച്ചത്. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മൽസരങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് റേസ്. 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ്വഞ്ചിയിൽ ലോകം ചുറ്റിവരുന്നതാണ് മത്സരം.