മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാൻ താല്പര്യമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിർ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. കാന്തപുരത്തിന്റെ നിർദേശം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ന്യൂനപക്ഷങ്ങൾ ഭീതിതമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഐക്യം അനിവാര്യമാണ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ട് പോകേണ്ട സന്ദർഭം കൂടിയാണിത്. ഈ പശ്ചാത്തലത്തിൽ ആയിരിക്കാം പ്രിയപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വച്ചത്. ഇത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. എല്ലാ മുസ്ലിം സംഘടനകളെയും ഒരുമിച്ച് നിർത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ ലീഗുമായി കൂടിച്ചേരാനുള്ള അവരുടെയൊക്കെ നല്ല മനസ്സിൽ സന്തോഷമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം ഒന്നിച്ചുപോകുകയാണ് നല്ലത് എന്നാണ് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. തനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും കാണാൻ വന്നിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കം വന്ന് കണ്ടിരുന്നു. എല്ലാവരും യോജിച്ച് കൊണ്ട് മുന്നോട്ടു പോയാൽ മാത്രമേ രാജ്യത്തിന്റെ പുരോഗതി ഉണ്ടാക്കാൻ സാധിക്കുകയുള്ളു. അത് ചിന്തിക്കാത്ത ചില ആളുകൾ ഇവിടെ ഇപ്പോഴും ബാക്കിയുണ്ട് എന്ന് തോന്നുന്നു എന്നും കാന്തപുരം പറഞ്ഞിരുന്നു.