ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളുടെ സഹായവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയർത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ൽ നിന്ന് 1000 രൂപയാക്കി.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വീഡിയോ വാളും സജ്ജമാക്കും. മുൻ വർഷം ആരംഭിച്ച ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, കുമളി, ഏറ്റുമാനൂർ , പുനലൂർ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പയിലെ ട്രാൻ. ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് . മകര വിളക്ക് വരെ കൂടുതൽ സർവീസുകളും കെ എസ് ആർ ടി സി നടത്തും.
ചികിൽസാ ആവശ്യങ്ങൾക്കായും കൂടുതൽ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കി. ഐസിയു സൗകര്യങ്ങളുൾപ്പെടെ പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുമുണ്ട്. ഇതിനു പുറമേ പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തിര ചികിൽസാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീർത്ഥാടകർക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമ്മിച്ചിട്ടുണ്ട്. വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. അഴുതക്കടവ് -ചെറിയാനവട്ടം (പമ്പ ) 18 കിലോമീറ്റർ, സത്രം – സന്നിധാനം 12 കിലോമീറ്റർ എന്നീ പാതകളിൽ ഇക്കോ ഷോപ്പുകളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ വനാശ്രീതരായ പട്ടികവർഗക്കാരിൽ നിന്ന് നിയമിക്കപ്പെട്ടവരിൽപ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളിൽ ലഭ്യമാകും. വനത്തെ അറിയുന്ന ഇവരുടെ സേവനം തീർത്ഥാടകർക്ക് വളരെ സഹായമാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.