മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക. പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. ഡിസംബർ 26ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27 ന് മണ്ഡല പൂജ നടക്കും. അന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ഉത്സവത്തിനായി മുപ്പതിന് വൈകുന്നേരം വീണ്ടും തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്. 13,000ത്തോളം പോലീസുകാരായിരിക്കും വിവിധ ഘട്ടങ്ങളിലായി ഡ്യൂട്ടിയിൽ ഉണ്ടാവുക. സന്നിധാനം ഉൾപ്പെടെ പ്രധാന പോയിന്റുകളിൽ പോലീസുകാരെ വിന്യസിച്ചു. ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുക എന്നതാണ് ശബരിമലയിൽ പോലീസിന്റെ കടമ.
അതേസമയം ശബരിമലയിൽ കയറാൻ പാടില്ലാത്ത ആരെയും കയറ്റില്ലെന്ന് ശബരിമല പോലീസ് കോ ഓർഡിനേറ്റർ എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. സംശയാസ്പദമായ വ്യക്തികളെ കണ്ടാലും സംശയാസ്പദമായ വസ്തുക്കൾ കണ്ടാലും വിവരം അറിയിക്കണമെന്ന് ഡ്യൂട്ടിയിലുളള പോലീസുകാർക്ക് എഡിജിപി നിർദേശം നൽകി. സന്നിധാനം ഉൾപ്പെടെ പ്രധാന പോയിന്റുകളിൽ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ പ്രവേശിച്ചു. ശബരിമലയിൽ പോലീസുകാരുടെ ഡ്യൂട്ടി ഒരു പ്രാർത്ഥനയാണെന്നും സംതൃപ്തമായ ദർശനം ഒരുക്കുക എന്നതാണ് പോലീസിന്റെ ഉത്തരവാദിത്വമെന്നും എഡിജിപി വ്യക്തമാക്കി.