എരുമേലിയിൽ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആൻ്റൊ ആൻ്റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
2020 ജൂണിലാണ് കേരള സര്‍ക്കാര്‍ സംരംഭമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻ്റ് കോര്‍പ്പറേഷന്‍ 2008ലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പോളിസി പോളിസി പ്രകാരം കേന്ദ്ര വ്യോയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് നിര്‍ദേശം പരിഗണിച്ചത്.
ഇതിനിടെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ നടത്താനും മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തി ഇംപാക്റ്റ് ഡാറ്റ പരിശോധിക്കാനും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെൻ്റ് കോര്‍പ്പറേഷനോട് വ്യോമയാന വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനമാണ് ഉണ്ടാവുക.എന്നാൽ പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിയാണ് വിമാനത്താവള നിർമ്മാണത്തിനുളള പ്രധാന കടമ്പ.
നിർദിഷ്ട വിമാനത്താവളത്തിൻ്റെ പാരിസ്ഥിതികാഘാത പഠനം ആറു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കഴിഞ്ഞ ഫെബ്രുവരിയി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തുമായി 2570 ഏക്കറിലാണ് നിർദ്ദിഷ്ട് വിമാനത്താവളം സ്ഥാപിക്കുക.