റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ പുതിയ പ്രഖ്യാപനം ലോകം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. രാജ്യത്ത് ജനസംഖ്യ ഉയര്‍ത്തുന്നതിന്റെ ഭാഗമായി പത്ത് കുട്ടികൾ വരെ ആകാമെന്നാണ് പുടിന്റെ പ്രഖ്യാപനം. പത്ത് കുട്ടികൾ ഉളള അമ്മമാര്‍ക്ക് പ്രത്യേക ആദരവും സ്വര്‍ണ പതക്കവും പണവും നല്‍കാനാണ് റഷ്യന്‍ പ്രസിഡന്റിന്റെ തീരുമാനം.
സോവിയറ്റ് യൂണിയന് കാലത്തെ പുരസ്കാരങ്ങൾ പുടിന് തിരിച്ചുകൊണ്ടുവരികയാണെന്നും പുതിയ പ്രഖ്യാപനത്തിലൂടെ കൂടുതല്‍ കുട്ടികൾക്ക് ജന്മം നല്കാന് ആളുകൾ കയ്യാറാകുമെന്നുമാണ് നിഗമനം. പത്തിലേറെ കുട്ടികൾ ഉളള അമ്മമാര്‍ക്ക് മദര്‍ ഹീറോയിന് പുരസ്കാരം നല്‍കും. 33 ലക്ഷം രൂപയും പാരിതോഷികമായി നല്‍കും. പത്താമത്തെ കുട്ടിക്ക് ഒരു വയസ് തികയുമ്പോഴാകും ഈ പുരസ്കാരം സമ്മാനിക്കുക.
റഷ്യന്‍ ജനസംഖ്യയില്‍ വന്‍ കുറവ് സംഭിവിച്ചെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുടിന്റെ പുതിയ നീക്കം. പുരസ്കാരം ലഭിക്കാന്‍ അമ്മ റഷ്യന്‍ വനിത ആയായിരിക്കണമെന്ന നിബന്ധനയും വെച്ചിട്ടുണ്ട്. 1944മുതല്‍ റഷ്യയില്‍ ഇത്തരം പുരസ്കാരങ്ങൾ ഉണ്ടായിരുന്നെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നിര്‍ത്തലാക്കുകയായിരുന്നു.
പ്രശ്നം ഗുരുതരം
ജനസംഖ്യാ നിരക്ക് കുറയുന്നത് സമകാലിക റഷ്യയുടെ ഏറ്റവും ഗുരുതരമായ പ്രശ്നമായാണ് കാണുന്നത്. കുറഞ്ഞ ജനന നിരക്ക്. ഉയര്‍ന്ന മരണ നിരക്ക്, ഉയർന്ന തോതിലുള്ള ഗർഭഛിദ്രം, കുറഞ്ഞ കുടിയേറ്റം എന്നിവയാണ് റഷ്യന്‍ ജനസംഖ്യാനിരക്ക് ഇടിയാന്‍ കാരണം. ഒരോ ആയിരം പേരിലും 15 പേര്‍വീതം ഓരോ വര്‍ഷവും മരിക്കുന്നതായാണ് റഷ്യയിലെ മരണനിരക്ക് സൂചിപ്പിക്കുന്നത്. ലോകത്തെ ശരാശരി മരണനിരക്കിന്റെ ഇരട്ടിയാണ് റഷ്യയിലുളളത്.
അതേസമയം ആയിരം പേര്‍ക്ക് ആകെ പത്തു കുട്ടികൾ എന്നിനിലയിലാണ് വാര്‍ഷിത ജനന അനുപാതം. ലോകത്ത് ആയിരപേരില് 20 പേര് പുതിയതായി ജനിക്കുന്ന എന്ന കണക്കുകൾ കൂടി വിലയിരുത്തിയാല്‍ റഷ്യയുടെ ജനസംഖ്യ നിരക്കിന്റെ ഗതി വ്യക്തമാകും. 2021 ൽ റഷ്യയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം കുറഞ്ഞെന്ന് സ്്റ്റാറ്റസ്റ്റിക്കല് ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യന്‍ പുരുഷന്മാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 60 വയസ്സും സ്ത്രീകളുടേത് 72 ഉം ആണെന്നാണ് ലോകാരഗ്യ സംഘടനയുടെ വിലയിരുത്തല്‍. ജനസംഖ്യയോടൊപ്പം മാനവവിഭവ ശേഷിയിലും റഷ്യ ക്ഷാമം നേരിടുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങളുടെ പരാജയമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഭരണകൂടത്തിനെതിരേയുളള നിരന്തര വിമര്‍ശനം.
കൊറോണയും ബാധിച്ചു
ഒരു രാജ്യത്തിന്റെ സമസ്തമേഖലയിലും സാമൂഹികവും സാമ്പത്തികവുമായ കെട്ടുറപ്പ് നിശ്ചയിക്കുന്നത് ജനസംഖ്യയാണ്. ഭൂമിശാസ്ത്രവും വംശീയവുമായ ഘടകങ്ങളെ ആശ്രയിച്ചാണ് പ്രധാനമായും ആയുര്‍ ദൈര്‍ഘ്യവും ആരോഗ്യവും നിലനില്ക്കുക.
കൊറോണബാധിച്ച് ഏഴ് ലക്ഷത്തോളം പേരാണ് റഷ്യയില്‍ മരിച്ചുവീണത്. വലിയ കുടുംബങ്ങൾ സമൂഹത്തിൽ ക്രമാനുഗതമായ പുനരുജ്ജീവനം ഉണ്ടാക്കുമെന്നാണ് റഷ്യൻ പ്രസിഡന്റിന്റെ അവകാശവാദം. എന്നാല്‍ നിരാശാജനകമായ നയമെന്ന് വിമര്‍ശനവുമുണ്ട്. എന്തായാലും കഴിഞ്ഞ മുപ്പത് വര്‍ഷമായി റഷ്യ നേരിടുന്ന പ്രതിസന്ധി പുടിന്റെ പുതിയ പ്രഖ്യാപനത്തോടെ പരിഹരിക്കപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.