ദുബായിലെ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). എമിറേറ്റിലെ 4,000 ഡ്രൈവർമാർക്കാണ് തുടക്കത്തിൽ പരിശീലനം നൽകിയത്. ടാക്സി ഡ്രൈവർമാരെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സുരക്ഷ, കസ്റ്റമർ സർവീസ് തുടങ്ങി 134 കോഴ്സുകൾ ഡ്രൈവർമാർക്ക് ആർ.ടി.എ ലഭ്യമാക്കും.
ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി മികച്ച യാത്രാ അനുഭവം ഉറപ്പാക്കാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുന്നതായിരുന്നു പദ്ധതി. ഡ്രൈവർമാരുടെ ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ ഭിന്നശേഷിക്കാരായ യാത്രക്കാരെ സഹായിക്കുന്നതിനുമുൾപ്പെടെയുള്ള പരിശീലനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.