കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. ഇതിനായി യൂറോ 6 എൻജിനൊടെയുള്ള ബസുകൾ നിരത്തിലിറക്കാനാണ് ദുബായ് ആർടിഎ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം കുറച്ച് ബസുകളും ബാക്കിയുള്ളവ അടുത്ത വർഷവും നിരത്തിലിറക്കും.
പുതിയതായി 636 ബസുകൾ വാങ്ങാനാണ് പദ്ധതി. ഇതിനായി 110 കോടി ദിർഹമാണ് അനുവദിച്ചിരിക്കുന്നത്. ഇത്രയധികം ഇ-ബസുകൾ ഒരുമിച്ച് നിരത്തിലിറക്കുന്നത് രാജ്യത്ത് ആദ്യമാണ്. ഇവയിൽ 40 എണ്ണം ഇലക്ട്രിക് ബസുകളാണ്. 146 ഡബിൾ ഡെക്കർ, ആർടിക്കുലേറ്റഡ് ബസുകളും 450 സിറ്റി റൈഡ് ബസുകളുമാണ് മറ്റുള്ളവ. കുട്ടികൾക്കായി പ്രത്യേക സീറ്റും വീൽചെയർ കയറ്റാനും ഫ്ലോർ പരമാവധി താഴ്ത്തുന്നതിനുമുള്ള സംവിധാനം ബസിലുണ്ട്.
പൊതുഗതാഗതം രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാറെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. 2050-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.