ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന നടനും റേഡിയോ ജോക്കിയും ടിവി അവതാരകനുമായ മിഥുന്‍ രമേശ് തിരികെ ജോലിയിൽ പ്രവേശിച്ചു. ദുബായിലെ എഫ്എം റേഡിയോ സ്റ്റേഷന്‍ ഹിറ്റ് 96.7 ല്‍ ജോലി ചെയ്യുന്ന മിഥുന്‍ ഇന്ന് പരിപാടിയില്‍ അവതാരകനായി എത്തുകയായിരുന്നു. റോസാപ്പൂക്കൾ നൽകിയാണ് സഹപ്രവർത്തകർ മിഥുനെ എതിരേറ്റത്. മിഥുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂവെന്നും ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളുമെന്നും മിഥുൻ പറയുന്നു. ഇത്രയും സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്, എന്‍റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് മിഥുന്‍ രമേശ് ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഈ മാസം മൂന്നാം തീയതിയാണ് താന്‍ ബെല്‍സ് പാഴ്സി രോഗം ബാധിച്ച് ചികിത്സയിലാണെന്ന് മിഥുന്‍ രമേശ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്ന തരം അവസ്ഥയാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് മിഥുന്‍ രമേശ് ചികിത്സയിൽ കഴിഞ്ഞത്.