ഫിഫ ലോകകപ്പിൽ കഴിഞ്ഞദിവസം മൊറോക്കയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ബെൽജിയത്തിൽ കലാപം. മത്സരം അവസാനിച്ചതോടെ തലസ്ഥാന നഗരമായ ബ്രസൽസിലെ തെരുവിലിറങ്ങിയ ഫുട്ബോൾ ആരാധകർ കെട്ടിടങ്ങൾ തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
നാശം വിതച്ചെത്തിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കൂടാതെ അവരോട് ശാന്തരാകാനും നഗരത്തിൽനിന്ന് പിൻവാങ്ങാനും ബ്രസൽസ് മേയൽ ഫിലിപ്പി ക്ലോസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ബെൽജിയത്തിനെതിരായ മൊറോക്കയുടെ വിജയം ഖത്തർ ലോകകപ്പിലെ അട്ടിമറി ജയങ്ങളിൽ ഒന്നായിരുന്നു.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങില്‍ 22–ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ തറപറ്റിച്ചത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ച ബെൽജിയത്തെ ഇന്നലെ നടന്ന കളിയുടെ 73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലും നേടിയ ഗോളുകൾ ഞെട്ടിച്ചുകളഞ്ഞു. ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിൻ്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.