നാല് പതിറ്റാണ്ട് ആകുന്നു മലയാള സിനിമയിൽ രേവതി സാന്നിധ്യം അറിയിച്ചിട്ടെങ്കിലും ഒരു സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുന്നത് നീണ്ട ഇടവേളക്ക് ശേഷമുള്ള മടങ്ങി വരവിലാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ഹൊറർ- ത്രില്ലറിലെ നിരവധി മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന അധ്യാപികയായ ആശ എന്ന സ്ത്രീയുടെ വേഷം രേവതിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. ഷൈൻ നിഗമായിരുന്നു ചിത്രത്തിൽ രേവതിയുടെ മകൻ വിനു ആയി വേഷമിട്ടത്.
ഭരതൻ ചിത്രമായ ‘കാറ്റത്തെ കിളിക്കൂടിലൂടെ അരങ്ങേറ്റം കുറിച്ച രേവതി ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’, ‘കിലുക്കം’ എന്നീ ചിത്രങ്ങളിൽ ഗംഭീര പ്രകടനം നടത്തിയിരുന്നു. മായാമയൂരവും പാഥേയവുമൊക്കെ രേവതിക്ക് മികച്ച നടിക്കുള്ള പുരസ്കാര നേടി കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മലയാളത്തിൽ ലഭിക്കാതെ പോയി.
രേവതിയ്ക്ക് പുരസ്‌കാര പ്രഭ നൽകിയത് തമിഴ്നാട് ആണ്. അവിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ‘കിഴക്കു വാസൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കും ‘തലൈമുറൈ’യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും രേവതിയെ തേടിയെത്തി. ദേശീയ പുരസ്‌കാരങ്ങളിൽ രേവതിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം നേടികൊടുത്തത് ഭരതൻ സംവിധാനം ചെയ്ത ‘തേവർമകനി’ലെ കഥാപാത്രമാണ്. സംവിധായക കുപ്പായമണിഞ്ഞ രേവതിയുടെ ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
മികച്ച നടന്മാരിലേക്ക് എത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മികച്ച നടനുള്ള അന്തിമപട്ടികയിൽ ഫഹദ് ഫാസിൽ, ബിജു മേനോൻ, ജോജു എന്നിവർ ഇടംനേടിയെന്നതാണ്. പ്രഖ്യാപനം നടന്നപ്പോൾ ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലൂടെ ജോജുവുമാണ് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എന്തുകൊണ്ട് ഇവരെന്ന ചോദ്യത്തിന് ജൂറി ഉത്തരവും നൽകുന്നുണ്ട് :
“പ്രായമേറിയ ഒരു മനുഷ്യന്റെ ശരീര ഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയ മികവ്” എന്നാണ് ബിജു മേനോന്റെ ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തൽ.
നായാട്ടിലെ വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദളിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാർമിക പ്രതിസന്ധികളും ഫ്രീഡം ഫൈറ്റിലെ ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും മധുരത്തിലെ ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയമികവിനാണ് ജോജു തെരഞ്ഞെടുക്കപ്പെട്ടതെന്നും ജൂറി വിലയിരുത്തുന്നുണ്ട്. ഹോം എന്ന സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനം ജൂറി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ ഘട്ടത്തിൽ പുരസ്‌കാരം ലഭിക്കാതെ പോയി.
മുൻവർഷങ്ങളെ അപേക്ഷിച്ച് കടുത്ത മത്സരം നടന്ന ഇത്തവണ മികച്ച
സംവിധായകനുള്ള പുരസ്കാരമടക്കം ‘ജോജി’ എന്ന സിനിമ 4 അവാർഡുകൾ വാരിക്കൂട്ടി.
മികച്ച സംവിധാനയകനുള്ള പുരസ്കാരത്തിന് ജോജിയിലൂടെ ദിലീഷ് പോത്തൻ അർഹനായി. ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രം അന്താരാഷ്ട്ര തലത്തിലടക്കം വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജോജിയുടെ തിരക്കഥയിലൂടെ ശ്യാം പുഷ്കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ജോജിയിലൂടെ ഉണ്ണിമായ പ്രസാദിനെ തേടിയെത്തി. മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസിനും ജോജിയിലൂടെ പുരസ്കാര നേട്ടമുണ്ടായി.