ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യ കര്‍മ്മവുമായി ബന്ധപ്പെട്ട് പൂജാരിമാരെ ആക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ചാലക്കുടി സ്വദേശി രേവദ് ബാബു. തെറ്റുപറ്റിയെന്നും വായിൽനിന്ന് അറിയാതെ വന്നുപോയ വാക്കാണ് വിവാദങ്ങൾക്ക് കാരണമായതെന്നും ഇയാൾ പറയുന്നു. എത്രയോ കാലങ്ങൾ പൂജ പഠിച്ച്, എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാൾ പൂജാരിയാകുന്നത്. ആ പൂജാരി സമൂഹത്തെ അടച്ചാക്ഷേപിച്ചാണ് താൻ സംസാരിച്ചത്. ഇതിൽ ക്ഷമ ചോദിക്കുകയാണെന്നും രേവദ് പറഞ്ഞു.
വിഷയത്തില്‍ തെറ്റ് പറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും രേവദ് ബാബു പറഞ്ഞു. കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്ത ശേഷമാണ് രേവദ് ബാബു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹിന്ദിക്കാരുടെ കുട്ടിയായത് കൊണ്ട് ആലുവയിലെ പൂജാരിമാര്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നായിരുന്നു രേവദ് പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് പറഞ്ഞ് രേവദ് ബാബു രംഗത്തെത്തി. ചെറിയ കുട്ടിയാകുമ്പോള്‍ കര്‍മ്മങ്ങള്‍ ചെയ്യാറില്ലെന്നതാണ് കാരണമെന്നടക്കം പിന്നീട് ഇദ്ദേഹം വാദിച്ചിരുന്നു.
സംഭവത്തിൽ രാത്രിതന്നെ ആലുവ എംഎൽഎ അൻവർ സാദത്ത് പ്രതികരിച്ചിരുന്നു. സംസ്‌കാര കർമ്മങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് രേവദ് ബാബു തന്നെ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരാൾ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.