എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റി.
വയനാട് ജില്ലയിലേക്കാണ് കളക്ടറായി രേണുരാജിനെ മാറ്റി നിയമിച്ചത്. എന്‍.എസ്.കെ.ഉമേഷ് പുതിയ എറണാകുളം കളക്ടറാകും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു ഉമേഷ്. വയനാട് ജില്ലാ കളക്ടര്‍ എ.ഗീതയ്ക്ക് കോഴിക്കോട്ടേക്കാണ് മാറ്റം.
തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാർ പുതിയ ആലപ്പുഴ കളക്ടറാകും. ആലപ്പുഴ കളക്ടറായിരുന്ന വി.ആര്.കൃഷ്ണതേജയ്ക്ക് തൃശൂരിലേക്കാണ് മാറ്റം.
കോഴിക്കോട് കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം പുറത്തിറങ്ങിയ ഉത്തരവില്‍ ഇല്ല.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് തീ പിടിത്തം സംബന്ധിച്ച് വിവാദങ്ങളുടെ മധ്യേയാണ് എറണാകുളം ജില്ലാ കളക്ടറുടെ സ്ഥലം മാറ്റം. വിഷയത്തില്‍ കളക്ടര്‍ നേരിട്ട് ഹാജരാകാതിരുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.