മദീനയിൽ താമസ കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മദീനയിലെത്തുന്ന തീർത്ഥാടകരുടെ താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മദീനയിലെ തീർത്ഥാടകരുടെ താമസ കെട്ടിട വിഭാഗം അതോറിറ്റിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇന്ന് മുതൽ റജബ് അവസാനം വരെയുള്ള എട്ടുമാസമാണ് രജിസ്ട്രേഷനുള്ള കാലയളവ്.
അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഭൂഉടമകളും നിക്ഷേപകരും ആവശ്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രമേ താമസ കെട്ടിടങ്ങളുടെ പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ. ഇത്തവണ 1,60,000 ആഭ്യന്തര തീർത്ഥാടകർ ഉൾപ്പെടെ 1.8 ദശലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുത്തിരുന്നത്.
കഴിഞ്ഞ ഹജ്ജ് സീസണിൽ മാത്രം 13 ലക്ഷത്തോളം തീർത്ഥാടകർ മദീന സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. ഉംറ സീസൺ ആരംഭിച്ചതോടെ കൂടുതൽ തീർത്ഥാടകർ മദീനയിലേക്ക് എത്തും.