ഒമാനിലെ ചരിത്രപ്രസിദ്ധമായ സീബ് കോട്ടയുടെ പുനർനിർമാണ പദ്ധതിക്ക് പൈതൃക-ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സീബ് കാസിൽ പുനർനിർമിക്കുന്നതിന് ടെൻഡർ നൽകിയതെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ പുനരുദ്ധാരണ, പരിപാലന ഡയറക്ടർ എൻജിനീയർ അംജദ് ബിൻ അഹമ്മദ് അൽ മുഖല്ലദി പറഞ്ഞു. പുനർ നിർമാണം പൂർത്തിയാവുന്നതോടെ സീബ് കോട്ടയുടെ പഴയ പ്രൗഢി തിരിച്ചു കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായ ലാൻഡ്മാർക്കുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനികളിലൊന്നാണ് ഈ പദ്ധതിയും ഏൽപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി ആരംഭിക്കുന്നതിന് മുൻപ് പൈതൃക ടൂറിസം മന്ത്രാലയം കോട്ടയുടെ അടിത്തറയിൽ ഉത്ഖനന പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ചരിത്രപരമായ കോട്ടകളിലൊന്നായാണ് സീബ് കാസിൽ കണക്കാക്കപ്പെടുന്നത്. പുനർ നിർമാണം പൂർത്തിയാക്കുന്നതോടെ ഭാവി തലമുറയ്ക്ക് കാസിലിന്റെ ഭൂതകാലത്തിലെ വിശേഷങ്ങൾകൂടെ പകർന്നു നൽകാൻ സഹായകമാകും. സീബ് മാർക്കറ്റിന് അടുത്തായാണ് സീബ് കാസിൽ സ്ഥിതി ചെയ്യുന്നത്. മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സീബ് വിലായത്തിലെ നിരവധി കോട്ടകൾ, പുരാവസ്തു ലാൻഡ്മാർക്കുകൾ, ഗോപുരങ്ങൾ, എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.