സ്വന്തമായി കുറച്ച് സ്ഥലം വാങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്വന്തമായൊരു വീട്, സ്വന്തമായൊരു സ്ഥാപനം… അങ്ങനെ സ്വന്തമാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ന് റിയൽ എസ്റ്റേറ്റ് മേഖല വലിയ രീതിയിൽ വിജയകരമായി മുന്നോട്ട് പോകുന്ന മേഖലയാണ്. എന്നാൽ ഒരു സ്ഥലം വാങ്ങുന്നതിന് മുൻപേയും പിൻപെയുമെല്ലാം ഒരുപാട് നടപടികൾ പൂർത്തിയാക്കാൻ ഉണ്ടാവും. പേപ്പർ വർക്കുകൾക്കായി ഒരുപാട് കാലം ഓടി നടക്കേണ്ടിയും വരും. കാലിലെ ചെരുപ്പ് തേഞ്ഞു പോക്കും എന്നാണ് പലരും ഈ പ്രക്രിയയെ പറയാറുള്ളത്.
ഖത്തറിൽ റിയൽ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച നടപടിക്രമങ്ങൾക്കായി ഇനി നടന്നു നടന്നു ചെരുപ്പ് തേയില്ല. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാവുകയാണ്. പുതിയ നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സേവനങ്ങൾക്കായി അപേക്ഷകർക്ക് ഇനി മന്ത്രാലയ ആസ്ഥാനങ്ങളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് കയറി ഇറങ്ങേണ്ട ആവശ്യമുണ്ടാവില്ല. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്നതിന് വേണ്ടി നേരത്തെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഖത്തർ നീതിന്യായ മന്ത്രാലയം.
നിലവിൽ എസ്.എ.കെ ആപ്ലിക്കേഷൻ വഴി റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റലായി പൂർത്തിയാക്കാം. പുതിയ നിയമം വരുന്നതോടെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ നൽകാൻ അനുവദിക്കുകയും ചെയ്യും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്നും ഡിജിറ്റലായി സേവനങ്ങൾ നൽകുന്നത് ആരംഭിക്കുമെന്നും വകുപ്പ് മേധാവി ആമിർ അൽ ഗാഫിരി പറഞ്ഞു.
റിയൽ എസ്റ്റേറ്റ് ചതിയിൽപ്പെടുന്ന ഒരുപാട് പേരുണ്ട്. സ്വരുക്കൂട്ടി വച്ച പണം നഷ്ടമാവുമ്പോൾ ഉണ്ടാവുന്ന വേദന വളരെ വലുതാണ്. ഖത്തറിൽ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റലാവുന്നതിലൂടെ ഈ വഞ്ചന തടയാൻ കഴിയും. ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും തർക്കങ്ങൾ ലഘൂകരിക്കുന്നതിനും ഡിജിറ്റൽ സംവിധാനം സഹായിക്കും. മാത്രമല്ല, കക്ഷികൾക്ക് സമഗ്രമായ റിയൽ എസ്റ്റേറ്റ് വിവരങ്ങൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് പേജുകളിൽ ജുഡീഷ്യൽ വിധികൾ ഉടനടി രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനവും ആപ്പിലൂടെഅവതരിപ്പിക്കുന്നുണ്ട്. ഇനി എല്ലാം ഈസി.