യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി. ഒരു ദിവസത്തേക്ക് കൂടിയാണ് കൗണ്ട്ഡൗണ്‍ നീട്ടിയത്. റോവർ എത്തിക്കുന്ന ലാൻഡറിൽ കൂടുതൽ പ്രീ-ഫ്ലൈറ്റ് പരിശോധനകൾ നടത്തണമെന്ന നിഗമനത്തെ തുടര്‍ന്നാണ് മാറ്റം. നേരത്തെ നവംബർ 30 ബുധനാഴ്ച ഉച്ചയ്ക്ക് 12.39 നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം.
സ്പേസ് എക്സ് ഫാൽക്കണ്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഇസ്‌പേസിന്റെ ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിനുള്ളിലാണ് റോവര്‍ സൂക്ഷിക്കുക. അതേസമയം 10 കിലോ ഭാരമുള്ള റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ തദ്ദേശീയമായി നിർമ്മിച്ചതാണ്.
നാലു ചക്രങ്ങളുള്ള വാഹനം ചന്ദ്രന്റെ ഉപരിതലത്തിൽ നിരവധി പരിശോധനകൾ നടത്താന്‍ ശേഷിയുളളതാണ്. ഭൂമിശാസ്ത്ര പഠനത്തിനായി ഒരു ചാന്ദ്ര ദിനം ചെലവഴിക്കും. ഉയർന്ന മിഴിവുള്ള ക്യാമറകൾ ഉപയോഗിച്ച് ചുറ്റുപാടുകളുടെ ആയിരക്കണക്കിന് ചിത്രങ്ങൾ പകർത്താനു കഴിയും.
ബഹിരാകാശ രംഗത്തെ കുതിപ്പിന് യു.എ.ഇയുടെ പ്രതീക്ഷ കൂടിയാണ് റാഷിദ് റോവര്‍ പരീക്ഷണം. സ്വകാര്യ വ്യവസായം ലക്ഷ്യമിട്ടാണ് ജപ്പാന്‍റെ സഹകരണം. റാഷിദ് വിക്ഷേപണത്തോടെ ചന്ദ്രനിലേക്ക് ഒരു വാണിജ്യ ചരക്ക് ദൗത്യം നടത്തുന്ന ആദ്യത്തെ കമ്പനിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഐസ്‌പേസ്. അതേസമയം പലവട്ടം മാറ്റിവച്ച വിക്ഷേപണമാണ് സാങ്കേതിക കാരണങ്ങളാല്‍ ഒരു ദിനം കൂടി വൈകുന്നത്.