യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി. സാങ്കേതിക തടസ്സങ്ങൾശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ച വിക്ഷേപണവും മാറ്റുകയായിരുന്നു. പുതിയ ലോഞ്ചിംഗ് തീയതി പിന്നീട് പ്രഖ്യാപിക്കും.
റോവറിനെ വഹിക്കുന്ന ലാന്‍ററില്‍ കൂടുതല്‍ പരിശോധനയും ഡേറ്റാ വിശകലനവും അനിവാര്യമായ ഘട്ടത്തിലാണ് വിക്ഷേപണം നീട്ടിയത്. സാങ്കേതിക തടസ്സങ്ങളും കാലാവസ്ഥ പ്രതികൂല ഘടകങ്ങളും കണക്കിലെടുത്ത് പലവട്ടം പദ്ധതി മാറ്റിവെച്ചിരുന്നു. നവംബര്‍ 30ന് അവസാനിക്കേണ്ട് കൗണ്ട് ഡൗണ്‍ ഒരു ദിവസം കൂടി നീട്ടിയെങ്കിലും വിക്ഷേപണത്തിന് അനുകൂല സാഹചര്യങ്ങൾ ഉണ്ടായില്ല.
ചാന്ദ്ര പര്യവേഷണ രംഗത്തെ യുഎഇയുടെ ചരിത്ര ദൗത്യമാണ് വൈകുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച റോവര്‍ ജപ്പാന്‍ നിര്‍മ്മിത ലാന്ററിന്‍റെ സഹായത്തോടെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയാണ് ലക്ഷ്യം. സ്പേസ് എക്സ് ഫാൽക്കണ്‍ റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് റോവര്‍ വിക്ഷേപണത്തിന് തയ്യാറാവുന്നത്.