അമിത വേഗതയിൽ വാഹനമോടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് റാസൽഖൈമ പൊലീസ്. അമിത വേഗതയിൽ വാഹനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രത്യേക പ്രചാരണ പരിപാടിക്കാണ് റാസൽഖൈമ പൊലീസ് തുടക്കമിട്ടത്. ‘അമിത വേഗത നിങ്ങളെടുക്കുന്ന തെറ്റായ ഒരു തീരുമാനമാണ്’ എന്ന ആശയത്തിലൂന്നിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയവ മൂലം റാസൽഖൈമയിലെ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയിൽ റോഡുകളിൽ അതീവ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ജനങ്ങളെ ബോധവാന്മാരാക്കും.
അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 3,000 ദിർഹം പിഴയും കൂടാതെ 23 ബ്ലാക്ക് പോയിന്റ് ചുമത്തുകയും ചെയ്യുമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. കൂടാതെ ഇത്തരം വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.