റമദാൻ കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. തീഷ്ണമായ പ്രാർത്ഥനകളിലൂടെ അവസാന ദിവസങ്ങളിലെ നോമ്പ് എടുക്കുകയാണ് വിശ്വാസികൾ. ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിൽ പകലുകൾക്കാണ് ശ്രേഷ്ഠത കൽപ്പിക്കുന്നതെങ്കിൽ റമദാൻ അവസാന പത്തിൽ രാവുകൾക്ക് ശ്രേഷ്ഠതയേറും (മജ്‌മൂഉൽ ഫതാവാ : 25/154) എന്നാണ് വിശ്വാസം. കൂടുതല്‍ സൗഭാഗ്യങ്ങളുള്ള അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് സന്ദേശം.
ശ്രേഷ്ഠമേറിയ ദിനങ്ങൾ
അവസാന പത്തിൽ രാത്രി നിസ്കാരവും ഖുറാൻ പാരായണവും അത്താഴ സമയത്തെ ഇസ്തിഗ്ഫാറും ഇബാത്തിനായി കുംടുംബത്തെ വിളിച്ചുണർത്തുന്നതും പതിവാണ്. ഈ അനുഷ്ഠാനങ്ങളിലൂടെ റമദാനിലെ അവസാന ദിവസങ്ങൾ പ്രാർത്ഥനയുടേതാക്കി മാറ്റുകയാണ് ലക്ഷ്യം. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍ അവസാന പത്തിലെത്തുമെന്നാണ് വിശ്വാസം.
റമദാനിലെ ആദ്യ പത്ത് അനുഗ്രഹത്തിൻ്റേതായി മാറുമ്പോൾ രണ്ടാമത്തെ പത്ത് ദിവസങ്ങൾ പാപമോചനത്തിൻ്റേതും അവസാന പത്ത് ദിവസങ്ങൾ നരകമോചനത്തിൻ്റേതുമായി മാറും. ത്യാഗ സന്നദ്ധത ഏറുന്നതിനൊപ്പം വിശ്വാസികൾ പരമാവധി സത്കർമ്മങ്ങൾക്ക് തയ്യാറാകുന്നതും ഇതേ ദിവസങ്ങളിലാണ്.
ചെറിയപെരുന്നാൾ തയ്യാറെടുപ്പുകൾ
മുപ്പത് ദിവസം നീളുന്ന നോമ്പ് ചെറിയപെരുന്നാൾ ആഘോഷത്തോടെയാണ് സമാപിക്കുക. പ്രാർത്ഥനകളാൽ പുതുമനുഷ്യനാക്കപ്പെടുന്ന ഓരോ വിശ്വാസിയും ആഹ്ളാദവും സ്നേഹവും പങ്കിട്ടാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. പെരുന്നാൾ ആഘോഷങ്ങൾക്കുളള തയ്യാറെടുപ്പുകളും നേരത്തേ ആരംഭിക്കും.
ഗൾഫ് മേഖലയിൽ പെരുന്നാൾ ആഘോഷത്തിന് നീണ്ട അവധികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈദ് ഗാഹുകളിലേക്ക് വേണ്ട തയ്യാറെടുപ്പുകൾക്കൊപ്പം സുരക്ഷാ മുന്നൊരുക്കങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുകയാണ് സർക്കാർ ഏജൻസികൾ. ആഘോഷങ്ങൾക്കും യാത്രകൾക്കും തയ്യാറാകുന്നവരും ഏറെയുണ്ട്.
ദുബായിലെ ആഘോഷങ്ങൾ
ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗമടക്കം ഒട്ടേറെ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായാണ് യുഎഇ പെരുന്നാളിന് ഒരുങ്ങുന്നത്. ഗ്ലോബൽ വില്ലേജ്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഹത്ത, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ദ്വീപ്, ജുമൈറ ബീച്ച് റിസോർട് എന്നിങ്ങനെ ആളുകൾ എത്തിച്ചേരുന്ന കേന്ദ്രങ്ങളെല്ലാം വേറിട്ട പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് വിരാമമിട്ട് ഈ മാസം ഒന്‍പതിനോ പത്തിനോ ആയിരിക്കും പെരുന്നാൾ വന്നെത്തുക.
എഴുത്ത് : ജോജറ്റ് ജോൺ