യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഈ വർഷം വിശുദ്ധ റമദാനിലും ഈദ് മാസത്തിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടാകും. അവസരമുണ്ടെങ്കിൽ തന്റെ സഹപ്രവർത്തകര്‍ക്ക് എമിറാത്തി റംസാന്‍ ആതിഥ്യമരുളാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആറുമാസം ബഹിരാകാശത്ത് ഒരു വലിയ പദവിയും വലിയ ഉത്തരവാദിത്തവുമാണ് നിര്‍വഹിക്കാനുളളത്. ആറ് മാസത്തിലുടനീളം റമദാൻ, ഈദ് തുടങ്ങിയ പ്രത്യേക അവസരങ്ങൾ ഉണ്ടാകും. ബഹിരാകാശത്ത് നോമ്പ് നിർബന്ധമല്ല. പോഷകാഹാരക്കുറവ് അല്ലെങ്കിൽ ജലാംശം എന്നിവയുടെ അഭാവം മൂലം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യം തടയുന്നതിന് മതിയായ ഭക്ഷണം കഴിക്കാൻ അനുവാദമുണ്ട്. എന്നാല്‍ റമദാനിലെ ഉപവാസം ശരീരത്തിന് നല്ലതാണ്. സാഹചര്യം അനുവദിക്കുകയാണെങ്കിൽ സഹപ്രവർത്തകരുമായി കുറച്ച് യുഎഇ ഭക്ഷണം പങ്കിടാൻ ആഗ്രഹിക്കുന്നെന്നാണ് സുൽത്താൻ അൽ നെയാദി വ്യക്തമാക്കിയത്.
യാത്ര ഫെബ്രുവരി 26ന്
ഫെബ്രുവരി 26നാണ് സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കുമെന്നാണ് നാസയുടെ അറിയിപ്പ്. . ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് യാത്ര. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുക. ആശങ്കകൾക്ക് അപ്പുറം കൃത്യമായ പരിശീലനം പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസമുണ്ടെന്നും യാത്ര ചെയ്യുന്ന യന്ത്രന്‍റെ ബഹുമാനിക്കണമെന്നാണ് സഹയാത്രികരുടേയും ആശയമെന്നും അല്‍ നെയാതി പ്രതികരിച്ചു.
പേടകത്തോട് ബഹുമാനം മാത്രം
യുഎഇയിലെ അൽ ഐനില്‍ വളര്‍ന്ന അല്‍ നയാദി 2017 മുതല്‍ ബഹികാശ പദ്ധതിയുടെ ഭാഗമാണ്. ഇതിനകം 1,600 ദിവസത്തോളം പരിശീലനം നേടിയിട്ടുണ്ട്. ഒപ്പം പരിശീലനം ലഭിച്ച ഹസ്സ അൽ മൻസൂരി 2019ല്‍ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. യുഎഇയുടെ ബഹിരാകാശ പദ്ധതികൾ വരും വര്‍ഷങ്ങളില്‍ ഏറെ മുന്നോട്ട് കുതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോട്ടോയും കളിപ്പാട്ടവും കയ്യില്‍ കരുതും
യാത്രയില്‍ കുറച്ച് കുടുംബ ഫോട്ടോകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും സർവകലാശാല ടി-ഷർട്ടും കയ്യില്‍ കരുതാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ ആളുകളുമായി ബന്ധം നിലനിർത്താനുളള ആഗ്രഹത്തിന്റെ ഭാഗമായാണിത്. എന്നാല്‍ കുടുംബത്തോടും കുട്ടികളോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.