ഈ വർഷത്തെ റമദാൻ മാസത്തിന്റെ വരവറിയിക്കുന്ന ചന്ദ്രക്കല ഇന്ന് (മാർച്ച് 10) ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശഅബാൻ മാസം 29ന് ഞായറാഴ്ച ചന്ദ്രക്കല പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎഇ ചന്ദ്രദർശന സമിതി അറിയിച്ചു. രാജ്യത്തെവിടെയും ചന്ദ്രക്കല ദൃശ്യമായാൽ 026921166 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ശഅബാൻ 29-ന് ചന്ദ്രക്കല കണ്ടാൽ മാർച്ച് 11 തിങ്കളാഴ്ച മുതൽ വിശുദ്ധ റമദാൻ മാസത്തിന് തുടക്കമാകും. ഇന്ന് ചന്ദ്രക്കല ദർശിച്ചില്ലെങ്കിൽ ചൊവ്വാഴ്ച റമദാൻ ആരംഭിക്കും. ഇസ്ലാമിക കലണ്ടർ അനുസരിച്ച് സാധാരണയായി 29 അല്ലെങ്കിൽ 30 ദിവസമാണ് ചന്ദ്രക്കല ദർശിക്കുന്നത്. മാസത്തിൻ്റെ തുടക്കവും അവസാനവും ചന്ദ്രക്കലയെ ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണ് റമദാൻ വർഷം തോറും പ്രത്യേക ദിവസങ്ങളിൽ സജ്ജീകരിക്കാത്തത്.
ഇസ്ലാമിക കലണ്ടറിന് 12 മാസങ്ങളുണ്ടെങ്കിലും ഒരു ചാന്ദ്ര കലണ്ടർ ആയതിനാൽ അത് ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ ചെറുതാണ്. യഥാർത്ഥത്തിൽ ഏകദേശം പത്ത് ദിവസം കുറവാണ് എന്നുതന്നെ പറയാം. അതിനാലാണ് ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എല്ലാ വർഷവും വ്യത്യസ്ത സമയങ്ങളിൽ റമദാൻ വരുന്നത്.