മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ൽ യുഎഇ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടത്തിയേക്കുമെന്നാണ് ഈ വർഷം ആദ്യം വന്ന റിപ്പോർട്ട്. ജലക്ഷാമം പരിഹരിക്കുന്നതിനുമായി രാജ്യത്തുടനീളം ഇത്തരം പദ്ധതികൾ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി) വിഭാഗം അറിയിച്ചിരുന്നു.
ക്ലൗഡ് സീഡിംഗ് പോലുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ പദ്ധതികൾ ജലക്ഷാമം ഫലപ്രദമായി നേരിടുന്നതിനുള്ള ഒരു പ്രേരകശക്തിയായി ഉയർന്നുവന്നിട്ടുണ്ടെന്നാണ് അബുദാബിയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.യുഎൻ പറയുന്നതനുസരിച്ച്, 2030 ആകുമ്പോഴേക്കും ആഗോള ശുദ്ധജല ആവശ്യം 40 ശതമാനം കൂടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കണക്കനുസരിച്ച്, ഏകദേശം 4 ബില്യൺ ആളുകൾ ഓരോ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്നുണ്ട്.
1990-കളിൽ തന്നെ UAE ക്ലൗഡ് സീഡിംഗ് പ്രോഗ്രാമിന് തുടക്കമിട്ടിരുന്നു, കാലാവസ്ഥയിൽ മാറ്റം വരുത്തുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. കൃത്രിമ മഴ, മൂടൽ മഞ്ഞ് കുറയ്ക്കുക, കൃത്രിമ മഞ്ഞ് ഉണ്ടാക്കുക എന്നിവയാണ് ക്ലൗഡ് സീഡിംഗ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ. 1946-ൽ അമേരിക്കൻ ശാസ്ത്രജ്ഞനായ വിൻസെന്റ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്.
മേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട സൂക്ഷ്മ ഭൗതിക പ്രവർത്തനങ്ങൾ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിംഗിൽ ചെയ്യുന്നത്. സിൽവർ അയൊഡൈഡ്, പൊട്ടാത്സ്യം അയൊഡൈഡ് ഡ്രൈ ഐസ് (ഖര കാർബൺ ഡൈ ഓക്സൈഡ്), ദ്രവീകൃത പ്രൊപൈൻ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിംഗിനായി ഉപയോഗിക്കുന്നത്.
ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒന്നിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. കൃത്രിമ മഴ പെയ്യിക്കേണ്ട പ്രദേശത്തിനു മുകളിലായാണ് മേഘങ്ങളെ എത്തിക്കേണ്ടത്. തുടർന്ന് സിൽവർ അയൊഡൈഡ്, ഡ്രൈ ഐസ് എന്നിവ മേഘങ്ങൾക്കിടയിലേക്ക് എത്തിച്ചാണ് ക്ലൗഡ് സീഡിംഗ് സാധ്യമാക്കുന്നത്. ഭൂമിയിൽ നിന്നോ വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള റോക്കറ്റുകൾ ഉപയോഗിച്ചോ ക്ലൗഡ് സീഡിംഗ് നടത്താം.
മേഘങ്ങളിലെത്തുന്ന രാസവസ്തുക്കൾ അവിടെയുള്ള നീരാവിയെ ഘനീഭവിപ്പിച്ച് വെള്ളത്തുള്ളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 12,000 അടി ഉയരത്തിലുള്ള മേഘങ്ങളാണ് ക്ലൗഡ് സീഡിംഗിന് അനുയോജ്യമായത്. റഡാറുകൾ ഉപയോഗിച്ചാണ് അനുയോജ്യമായ മേഘങ്ങൾ കണ്ടെത്തുന്നത്.