ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച് മഴ. ശക്തമായ കാറ്റും മഴയും തുടരുകയാണ്. വാദിയിൽ അകപ്പെട്ട ഒരാളുടെ മൃതദേഹവും മറ്റൊരു സ്ത്രീയെ മരിച്ച നിലയിലും തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ കണ്ടെത്തി. ഇതോടെ മഴ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 14 ആയി വർധിച്ചു.
ശക്തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട് മലയാളിയുൾപ്പെടെ ഞായറാഴ്ച 12പേർ മരിച്ചിരുന്നു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയയിലെ സനയയ്യിൽ ഞായറാഴ്ച മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടമുണ്ടായത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നുണ്ട്.
അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധിപേർ ഇപ്പോഴും വാദിയിൽ കുടുങ്ങി കിടക്കുകയാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്കാണ് സാക്ഷ്യം വഹിക്കുന്നത്. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്നും അധികൃതർ വ്യക്തമാക്കി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അൽവുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റുകളിൽ ചൊവ്വാഴ്യും സ്കൂളുകൾ അവധിയായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ, സ്കൂളിന്റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താൻ കഴിയുമെന്നും അധികൃതർ വ്യകതമാക്കി. തിങ്കളാഴ്ച മസ്കറ്റ്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്കും അവധി നൽകിയിരുന്നു.