ഒമാനിൽ മെയ് 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും നാളെ (മെയ് 2) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 30 മുതൽ 80 മില്ലീമീറ്റർ വരെ ശക്തിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അൽ ബുറൈമി, മുസന്ദം, അൽ ദഹിറാഹ്, അൽ ദാഖിലിയ, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ് തുടങ്ങിയ മേഖലകളിൽ നാളെ മുതൽ മെയ് 4 വരെ വരെ ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ ലഭിക്കാനിടയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്. ശക്തമായ മഴ കാരണം താഴ്വരകൾ കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും നിർദേശത്തിലുണ്ട്.
ഈ കാലയളവിൽ വൈകുന്നേരങ്ങളിൽ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 20 മുതൽ 60 മില്ലീമീറ്റർ വരെയാണ് ഈ മേഖലകളിൽ മഴ ലഭിക്കുകയെന്നാണ് വിലയിരുത്തൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നതിനും താഴ്വരകൾ കവിഞ്ഞൊഴുകുന്നതിനും ഇത് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.