ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും. എന്നാൽ സുരക്ഷ കുറയ്ക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നു.
തുഗ്ലക്ക് ലെയ്നിലെ വസതിയൊഴിയാനുള്ള നിർദ്ദേശം പാലിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. നിർദ്ദേശം പാലിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനു നൽകിയ മറുപടിക്കത്തിലാണ് രാഹുൽ വ്യക്തമാക്കിയത്. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയോടു നിർദേശിച്ചത്.
ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂവെന്ന് രാഹുലിനയച്ച നോട്ടിസിലുണ്ട്. അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ ഗാന്ധി 2004ലാണ് താമസം മാറിയത്.
ഇതിനിടെ രാഹുലിനെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സെഷൻസ് കോടതിയിൽ ഈയാഴ്ച അപ്പീൽ നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിൽ സൂറത്തിലെ സിജെഎം കോടതി രാഹുലിനെ രണ്ട് വർഷം തടവിന് വിധിച്ചിരുന്നു. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിലാണ് രാഹുൽ കേസിനാധാരമായ പ്രസംഗം നടത്തിയത്.
അതേസമയം രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കലാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഗാന്ധി കുടുംബം പ്രധാനമന്ത്രിയെ അപമാനിച്ചുകൊണ്ടേയിരിക്കുകയാണെന്നും പിന്നാക്ക, ആദിവാസി വിഭാഗങ്ങളോട് രാഹുലിന് പുച്ഛമാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.