കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന കേന്ദ്രസര്‍ക്കാരിൻ്റെ ആരോപണം തള്ളി കോണ്‍ഗ്രസ് രംഗത്ത്. ലണ്ടൻ പ്രസംഗത്തിൽ രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര വ്യക്തമാക്കി. ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞവര്‍ കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്നും അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് ആരോപണമുന്നയിച്ചു.
ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് തുടര്‍ന്നതോടെ പാര്‍ലമെന്റിൻ്റെ ഇരുസഭകളും ഇന്നും തടസപ്പെട്ടു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയില്‍ പ്രതിഷേധം നടത്തി. ടി.എം.സി വിജയ് ചൌക്കിൽ ഒറ്റയ്ക്കും പ്രതിഷേധിച്ചു. ലണ്ടനിൽ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബിജെപി തീരുമാനം.
അദാനി വിവാദത്തില്‍ ജെപിസി അന്വേഷണമില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷവും നിലപാടറിയിച്ചു. ഇരുകൂട്ടര്‍ക്കും പറയാനുള്ളത് പറയാമെന്നും സഭ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭ്യര്‍ഥിച്ചെങ്കിലും ആരും വഴങ്ങിയില്ല. രാജ്യസഭയില്‍ അധ്യക്ഷനായ ഉപരാഷട്രപതി ജഗ്ദീപ് ധന്‍ഖര്‍ കക്ഷി നേതാക്കളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു.