തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം 16 ന് വിധിക്കും. 2018 മാർച്ച് 27 നാണ് റോഡിയോ ജോക്കിയായ രാജേഷ് കൊല്ലപ്പെടുന്നത്.കിളിമാനൂർ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളിൽ വെച്ച് പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം സ്റ്റുഡിയോയിൽ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു.
തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തെളിവില്ലെന്ന കാരണത്താലാണ് ഒമ്പതു പ്രതികളെ വെറുടെ വിട്ടത്. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയുമായ ഓച്ചിറ സ്വദേശി അബ്ദുൾ സത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അബ്ദുൾ സത്താർ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പ്രതികൾ കൊല നടത്തിയത്.സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി മുൻപ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനുള്ള സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകർന്നിരുന്നു. ഇതിനു പ്രതികാരമായി സത്താർ നൽകിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറിൽനിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലയ്ക്കു ശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട സാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.