സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തറും യുഎഇയും. ശൂറാ കൗൺസിൽ സ്പീക്കർ ഹസൻബിൻ അബ്ദുല്ല അൽ ഗാനിം യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദാബിയിൽ സന്ദർശനത്തിനെത്തിയതാണ് ശൂറാ കൗൺസിൽ സ്പീക്കറും ഉന്നത സംഘവും. ഇവർക്ക് പ്രസിഡൻറിന്റെ കൊട്ടാരത്തിൽ ഹൃദ്യമായ വരവേൽപ് നൽകി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തറിലെ ജനതക്കും യുഎഇ പ്രസിഡൻറ് ആശംസകൾ നേർന്നു. കൂടാതെ ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിലും ഊഷ്മളമായ ബന്ധത്തിലും അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു. സ്പീക്കറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകളും നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പാർലമെന്ററി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ഇരു സഭകളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെയും സാധ്യതകൾ സംഘം ചർച്ച ചെയ്തു. കൂടാതെ അനുഭവങ്ങളും സന്ദർശനങ്ങളും രാജ്യങ്ങൾ തമ്മിൽ കൈമാറേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. വിവിധ പ്രാദേശിക, അന്തർദേശീയ വേദികളിൽ ഖത്തറും യുഎഇയും തമ്മിലുള്ള പാർലമെന്ററി നിലപാടുകളുടെ ഏകോപന നിലവാരം ഉയർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സംഘം ചർച്ച ചെയ്തു.