ഖത്തറിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ ശാലകളിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗവും വിൽപനയും പ്രചാരണവും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 15ന് ഖത്തര്‍ പുതിയ ദേശീയ ചിഹ്‌നം പുറത്തിറക്കിയിരുന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ ചിഹ്നം പരിഷ്കിച്ചത്. ഒട്ടേറെ സവിശേഷതകളോടെയും പുതുമകളും നിറഞ്ഞതാണ് സര്‍ക്കാര്‍ കമ്യൂണിക്കേഷന്‍സ് വിഭാഗം പുറത്തിറക്കിയ ദേശീയ ചിഹ്നം.
1966 മുതലുളള ഖത്തറിന്റെ ദേശീയ ചരിത്രവും സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും വ്യക്തമാക്കുന്നതാണ് പുതിയ ദേശീയ ചിഹ്നം. ഖത്തറിന്റെ ചരിത്ര ചിഹ്നങ്ങള്‍, സ്ഥാപകന്റെ വാള്‍, ഈന്തപ്പനകള്‍, കടല്‍, പരമ്പരാഗത ബോട്ട് എന്നിവ വെള്ള പശ്ചാത്തലത്തില്‍ ദേശീയ നിറമായ മെറൂണ്‍ നിറത്തിലാണ് രൂപകല്‍പ്പന.
അഭിമാനത്തിന്‍റേയും കരുത്തിന്‍റേയും പ്രതീകമായി വാൾ നിലകൊളളുമ്പോൾ, കാര്‍ഷിക സംസ്കൃതിയും പരമ്പരാഗത സാമ്പത്തിക മേഖലയായ സമുദ്ര സമ്പത്തും ചിഹ്നത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്‍റെ പ്രതീക്ഷാഭരിതമായ ഭാവിയും പ്രകടമാക്കുന്നതാണ് പുതിയ ദേശീയ ചിഹ്നം.