ബലിപെരുന്നാൾ ദിനത്തിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈദ് സ്പെഷ്യൽ ‘ഈദിയ’ എടിഎം സേവനങ്ങൾ ഉപയോഗിച്ചത് ആയിരക്കണക്കിന് ജനങ്ങൾ. 10 ഇടങ്ങളിലായി സ്ഥാപിച്ച എടിഎം മെഷീനുകളിൽ നിന്ന് ഈദ് ദിനങ്ങളിൽ പിൻവലിച്ചത് 4.8 കോടി റിയാലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈദ് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് 5, 10, 50, 100 റിയാൽ കറൻസികൾ മാത്രം പിൻവലിക്കുന്നതിന് വേണ്ടിയുള്ള എടിഎം സേവനമായിരുന്നു ‘ഈദിയ’.
രാജ്യത്തെ മാൾ ഓഫ് ഖത്തർ, പ്ലേസ് വിൻഡം മാൾ, അൽ മിർഖബ് മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽഖോർ മാൾ, അൽമീറ (തുമാമ, മൈതർ), അൽ വക്ര ഓൾഡ് സൂഖ്, ദോഹ വെസ്റ്റ് വാക്ക് എന്നിവിടങ്ങളിലാണ് ഈദിയ എടിഎമ്മുകൾ സ്ഥാപിച്ചിരുന്നത്.
ആയിരക്കണക്കിന് പേരാണ് ഈ എടിഎം സേവനം പ്രയോജനപ്പെടുത്തിയത്.
ഏപ്രിൽ മാസത്തിലെ ഈദുൽ ഫിത്‌റിലാണ് ‘ഈദിയ’ എന്ന പേരിലുള്ള എടിഎമ്മിന് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കമിട്ടത്. പെരുന്നാൾ നാളിൽ കുട്ടികൾക്ക് ഉൾപ്പെടെ പണവും സമ്മാനങ്ങളും നൽകുന്ന ഈദ് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈദിയ എടിഎം സേവനം ഖത്തർ സെൻട്രൽ ബാങ്ക് ആരംഭിച്ചത്.