ദോഹ എക്സ്പോ-2023ന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കുവൈറ്റ് അമീറിന് ക്ഷണം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി എക്സ്പോയിലേക്കു ക്ഷണിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കത്തയച്ചു. ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റിലെ ഖത്തർ അംബാസഡർ അലി അൽ മഹ്മൂദ് ആണ് കുവൈറ്റ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണക്കത്ത് കൈമാറി.
‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിലാണ് മിഡിലീസ്റ്റിലെ ആദ്യ ഹോർട്ടി കൾചറൽ എക്സിബിഷന് ഖത്തർ വേദി ഒരുക്കുന്നത്. അടുത്ത മാസം ആദ്യമാണ് എക്സ്പോയുടെ ഉദ്ഘാടനം. കൂടിക്കാഴ്ചയിൽ കിരീടാവകാശി ദിവാൻ മേധാവി ശൈഖ് അഹമ്മദ് അബ്ദുല്ല അസ്സബാഹ്, അമീരി ദിവാന്റെ അണ്ടർ സെക്രട്ടറിയും അമീറിന്റെ ഓഫിസ് ഡയറക്ടറുമായ അഹ്മദ് അൽ ഫഹദ്, കിരീടാവകാശി ഓഫിസ് ഡയറക്ടർ ജമാൽ അൽ തെയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി ദിവാൻ മാസെൻ അൽ എസ്സ, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് എന്നിവരും പങ്കെടുത്തു.