പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. കെ-റെയിൽ അട്ടിമറിക്കാൻ വി.ഡി. സതീശൻ അന്യസംസ്ഥാന കോർപറേറ്റ് ഭീമന്മാരിൽനിന്ന് 150 കോടി കൈപ്പറ്റിയെന്നാണ് പിവി അൻവർ ആരോപിക്കുന്നത്. കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫർ ചെയ്തതെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു.
കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നു, ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിന് എതിരെ സമരത്തിന് ഇറങ്ങിയെന്നും പി വി അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് പണം കർണാടകയിൽ നിക്ഷേപിച്ചു. പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലൻസുകളിലും ആയി കൈമാറി. മാപ്പർഹിക്കാത്ത കൊടും പാപമാണ് വി ഡി സതീശൻ ചെയ്തത്. കണ്ടെയ്നർ ലോറികളിൽ പണം എത്തിച്ചു. മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലൻസിൽ പണം കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകൾ പരിശോധിക്കണമെന്നും ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് പി വി അൻവർ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്നും സതീശൻ അഹങ്കാരിയും അഭിനേതാവുമാണെന്നും വി ഡി സതീശൻ ആരോപിച്ചു. ജനങ്ങൾക്കൊപ്പമോ നാട് നശിക്കണമെന്ന് ആഗ്രഹിക്കുന്ന ആർഎസ്എസിനൊപ്പമോ പ്രതിപക്ഷം എന്നും അൻവർ ചോദിച്ചു.