ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനം കുറിക്കാൻ ഇന്ന് വൈകിട്ട് തൃശൂർ നഗരത്തിൽ പുലികളിറങ്ങും. 350-ലധികം പുലികളാണ് ശക്തന്റെ തട്ടകത്തെ ത്രസിപ്പിക്കാനായി ഇറങ്ങാനൊരുങ്ങുന്നത്. പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വൈകിട്ട് അഞ്ച് മണിയോടെ നടക്കും. കരിമ്പുലികൾ, പെൺപുലികൾ, കുട്ടിപ്പുലികൾ എന്ന് തുടങ്ങി എല്ലാവരും നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരം തന്നെയാണ്.
പുലിമടകളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇന്ന് പുലർച്ചെ ആറു മണിയോടെ പുലിമടകളിൽ മെയ്യെഴുത്ത് ആരംഭിച്ചു. 7 പുലിക്കളി സംഘങ്ങളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ഓരോ സംഘങ്ങളിലും 35 മുതൽ 51 വരെ പുലികളുമുണ്ടാകും. പുലികളായി മാറുന്ന കലാകാരന്മാരുടെ സംഘങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മടവിട്ട്
പുറത്തിറങ്ങും. അഞ്ച് മണിയോടെ നഗരത്തിലേക്ക് പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെ ഫ്ലാഗ് ഓഫ് നടക്കും.
പിന്നാലെ ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തും. സ്വരാജ് റൗണ്ട് വലം വെച്ച് നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനം നേടുന്ന പുലിക്കളി സംഘത്തെ കാത്തിരിക്കുന്നത്. കൂടാതെ, മേളത്തിനും അച്ചടക്കത്തിനും വേഷത്തിനും പുരസ്കാരങ്ങൾ വേറെയുമുണ്ട്.