സൗദി അറേബ്യയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിൻ്റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളിലൂടെയുള്ള കുടിയേറ്റം എന്ന പ്രദര്‍ശനത്തിൻ്റെ ഭാഗമായാണ് ദഹറാനിലെ കിങ് അബ്ദുല്‍ അസീസ് സെൻ്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) പ്രദര്‍ശനത്തില്‍ ചെരുപ്പിൻ്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയത്.
എ ഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധന്‍ നിര്‍മ്മിച്ച ഈ പകർപ്പ് പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ത്ഥ ചെരുപ്പുകളുടേതിന് സമാനമാണ്. കിങ് അബ്ദുല്‍ അസീസ് സെൻ്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) ഇസ്ലാമിക പുതുവര്‍ഷവുമായി ബന്ധപ്പെട്ട് ജൂലൈ 31നാണ് പ്രദര്‍ശനം തുടങ്ങിയത്. ഒമ്പത് മാസം നീണ്ടുനില്‍ക്കുന്ന പ്രദർശനം റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും പിന്നീട് ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്കും നീളുമെന്നാണ് അറിയിപ്പ്. പുരാവസ്തുക്കളായി ഇസ്ലാമിക നാഗരികത വിളിച്ചോതുന്ന തുണിത്തരങ്ങളും കയ്യെഴുത്തു പ്രതികളുമെല്ലാം പ്രദര്‍ശനത്തിലുണ്ട്.