പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാൻ നിയമോപദേശം നൽകി. കണ്ണൂർ സർവകലാശാലയ്ക്ക് സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാൻസലറുടെ ഉത്തരവ് ഇതോടെ അസാധുവായി. ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനിൽപ്പില്ലാതാവുകയും ചെയ്തു.
ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ ഐ വി പ്രമോദ് ആണ് നിയമോപദേശം നൽകിയത്. അതേസമയം നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കിൽ മാത്രമാണ് ചാൻസലർക്ക് ഇടപെടാൻ സാധിക്കുക. യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ ഏഴ് പ്രകാരം ഇതിന് ചാൻസിലർക്ക് അധികാരമുണ്ട്. എന്നാൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനം നടത്തുന്ന കാര്യം ചാൻസലറെ അറിയിച്ച് നടപടികൾ തുടങ്ങാം എന്നും സ്റ്റാൻഡിംഗ് കൗൺസിൽ അറിയിച്ചു.