യുഎഇയിൽ ശക്തമായ മഴയേത്തുടർന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇന്നും രാജ്യത്ത് പ്രതികൂലമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേത്തുടർന്ന് ദുബായിൽ നാളെ (തിങ്കൾ) വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ അനുമതി നൽകി. സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കുമാണ് നാളെ വിദൂര പഠനത്തിന് അനുമതി നൽകിയത്.
നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് (കെഎച്ച്‌ഡിഎ) ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിറുത്തിയാണ് ഈ തീരുമാനം.
ഇന്നലെ പെയ്ത ശക്തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വെള്ളം നിറഞ്ഞതോടെ അധികൃതർ റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. യുഎഇയിലുടനീളം പ്രക്ഷുബ്ധമായ കാലാവസ്ഥയായതിനാൽ ജനങ്ങൾ ഇന്നും ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.