പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹോക്കി താരമാണ് മലയാളി കൂടിയായ പി.ആര് ശ്രീജേഷ്. വിരമിച്ച ഗോൾ കീപ്പറായ പി.ആർ. ശ്രീജേഷ് ഇനി പുതിയ റോളിലാണ് കായിക പ്രേമികൾക്ക് മുമ്പിലേയ്ക്ക് എത്തുക. ഇന്ത്യയുടെ ഹോക്കി ജൂനിയർ ടീം മുഖ്യ പരിശീലകനായി ശ്രീജേഷിനെ നിയമിച്ചിരിക്കുകയാണ് ഹോക്കി ഇന്ത്യ.
ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. ‘ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയർ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പി.ആർ. ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു. കളിക്കുന്നത് മുതൽ പരിശീലനം വരെ നിങ്ങൾ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഇനി കോച്ചിങ്ങിലേക്ക് നോക്കുന്നു’ എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കായിക ലോകം കയ്യടികളോടെയാണ് പുതിയ തീരുമാനത്തെ എതിരേൽക്കുന്നത്.