പോര്‍ച്ചുഗലും ഘാനയും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരം. പക്ഷേ അനിവാര്യമായ വിജയം നേടി പോര്‍ച്ചുഗല്‍ കുതിപ്പാരംഭിച്ചു. സ്കോര്‍ 3-2. സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ തോളേറായാണ് പോര്‍ച്ചുഗല്ലിന്‍റെ തേരോട്ടം.
ആദ്യ പകുതിയിലെ ഗോൾ ക്ഷാമത്തിന് കണക്കുതീര്‍ത്താണ് രണ്ടു ടീമികളും രണ്ടാം പകുതി പകുത്തെടുത്തത്. 63-ാം മിനിറ്റില്‍ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോയുടെ വക ലീഡ്, പത്ത് മിനിറ്റിനകം ആന്ദ്രേ അയുവിലൂടെ പോര്‍ച്ചുഗലിന്‍റെ മറുപടി. 78-ാം മിനിറ്റില്‍ ജോവോ ഫെലിക്സിന്റെ ഗോളിലൂെട വീണ്ടും പോര്‍ച്ചുഗല്‍ മുന്നേറ്റം. അതിന്‍റെ ആഘോഷം അവസാനിക്കും മുമ്പേ റാഫേല്‍ ലിയോയുടെ ഷോട്ട് ഘാനയുടെ വലയില്‍.
3-1 എന്ന നിലയില്‍ നിന്ന് കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കേ പകരക്കാരനായി ഇറങ്ങിയ ഒസ്മാന്‍ ബുക്കാരി പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ഗോളടിച്ചു. വിസില്‍ മുഴങ്ങുമ്പോൾ ഒരുഗോളിന് പിന്നിലായിരുന്നു എങ്കിലും ഏതുടീമും കരുതിയിരിക്കണം എന്ന മുന്നറിയിപ്പ് നല്‍കിയാണ് ഘാന കളം വിട്ടത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിലും റൊണാര്‍ഡോ കളത്തിലുടനീളം നിറഞ്ഞുനിന്നു. 10ാം മിനിറ്റിലെ നീക്കം, 13 മിനിറ്റിലെ ഹെഡ്ഡര്‍, 31-ാം മിനിറ്റിലെ ഓഫ് സൈഡ് ഗോൾ എന്നിവ ഗാലറികൾക്ക് ഹരം നല്‍കിയ നിമിഷങ്ങളാണ്.
ഇതിനിടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടുന്ന താരമെന്ന റെക്കോര്‍ഡും അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയിരുന്നു.