ദുബായിൽ നടക്കാനിരിക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിലെത്തും. ഇതിനായി ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ മാർപാപ്പ ദുബായിൽ ഉണ്ടാകുമെന്നാണ് നേരത്തെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. ഇറ്റാലിയൻ വിമാനക്കമ്പനിയായ ഐടിഎ എയർവേസിന്റെ കാർബൺ ന്യൂട്രൽ വിമാനത്തിലാണ് മാർപാപ്പ ദുബായിൽ എത്തുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. 1995-ൽ ആഗോള പരിസ്ഥിതി സമ്മേളനങ്ങൾ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു പോപ്പ് കാലാവസ്ഥാ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നത്. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി ലോക നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിലാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുക.
2019-ൽ യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ മൂന്ന് ദിവസം രാജ്യത്ത് പര്യടനം നടത്തിയിരുന്നു. അന്ന് യുഎഇയിലെ ആദ്യ പൊതു കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചിരുന്നു.