പൂരങ്ങളുടെ പുരമായ തൃശൂർ പൂരത്തിന്റെ ഗ്ലാമർ ഇനമായ തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റത്തിന് സമാപനം. കുടകളിൽ തിളങ്ങിയത് മെസ്സി കുടയും. ഒന്നിനൊന്ന് മികച്ചതായിരുന്നു പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും കുടമാറ്റം.
തിരുവമ്പാടി മെസിക്കുട ഇറക്കിയതോടെ ജനസാഗരം ആർത്തുവിളിച്ചു. ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായിട്ടായിരുന്നു കുട. കുട ഉയർന്നതോടെ ആരാധകർ മെസി എന്ന് ആർത്ത് വിളിച്ചു. എൽഇഡിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകളും എന്ന് തെളിഞ്ഞതോടെ പൂരാസ്വാദകരും ഫുട്ബോൾ ആരാധകരും ആവേശത്തിന്റെ പരകോടിയിലെത്തി.
കുടകളില്‍ കടുത്ത മത്സരമാണ് ഇരുവിഭാഗത്തിന്റേയും ഭാഗത്ത് നിന്നുണ്ടായത്. വര്ണാലാങ്കാരങ്ങളും ദേവരൂപങ്ങളും കുടകളില്‍ നിറഞ്ഞുനിന്നിരുന്നു. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിന് തുടക്കമായത്. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തെക്കോട്ടിറക്കത്തിൽ എഴുന്നളളിയത്. മുപ്പത് ഗജവീരന്മാരാണ് കുടമാറ്റത്തിന് അണിനിരന്നത്. നാളെ പുലർച്ചെയാണ് വെടിക്കെട്ട് നടക്കുക. പകൽപൂരത്തിൽ ഇരുവിഭാഗവും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും.