പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ കാണാം
തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതി ചേർത്താണ് കേസെടുത്തത്. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആർ. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപടി എടുക്കാൻ നിർദ്ദേശം നൽകിയിരുന്നു.