നടിയുടെ പീഡന പരാതിയിൽ നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് മരട് പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. മുകേഷിനെതിരെ ബലാൽസംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇതോടെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമായി.
നടിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കൻറോൺമെൻ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സിനിമാ ഷൂട്ടിനിടെ സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്ഐആർ. നടിയുടെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസും മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസുമാണ് കേസെടുത്തത്. ഇവർക്ക് പുറമെ പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തു.