ഏകീകൃത സിവിൽ കോഡ് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ പിന്നിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ചർച്ചകൾ രാജ്യത്തിൻ്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം ഉറപ്പിക്കാനുളള നീക്കവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ചർച്ചകളിലൂടെയും ഭേതഗതികളിലൂടെയും നടപ്പാക്കേണ്ടതിന് പകരം ഏകീകൃത സിവിൽ കോഡ് നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നതിനുളള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൻ്റെ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്നാണ് കഴിഞ്ഞ ലോ കമ്മീഷൻ 2018ൽ വിലയിരുത്തിയതെന്നും പെട്ടന്ന് വ്യതിചലിക്കേണ്ട സാഹചര്യം ഉണ്ടായതെങ്ങനെയെന്നും മുഖ്യന്ത്രി ചോദിച്ചു.
വിയോജിപ്പുകളെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. പരിഷ്കരണ പ്രസ്ഥാനങ്ങൾ മതങ്ങൾക്കുളളിൽനിന്ന് രൂപപ്പെട്ടതാണ് ചരിത്രം. ഏകീകൃത സിവിൽ കോഡ് പോലെയുളള നിയമങ്ങൾ എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫെയ്സ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.