ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് വഴി ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ 3145,545 ആളുകളാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.1 ദശലക്ഷം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിദിനം 11,500ലധികം യാത്രക്കാർ ബസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിദിനം 652 യാത്രക്കാർ എന്ന തോതിൽ ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ 1,77,973 പേർ ഫെറി സർവിസുകളും ഉപയോഗിച്ചിട്ടുണ്ട്. 2022ൽ ഇത് 1,63,700 ആയിരുന്നു.
അതേസമയം ബസുകൾ വഴി കയറ്റുമതി ചെയ്ത ചരക്കുകളുടെ എണ്ണം 18,000 ടണ്ണാണ്. കൂടാതെ 45,600 വാഹനങ്ങൾ ഫെറികളിലൂടെയും കയറ്റിയയച്ചു. 34.98 ശതമാനവും ഫെറികളിൽ 80.68 ശതമാനവുമാണ് ബസുകളിൽ യാത്ര ചെയ്യുന്ന ഒമാനികളുടെ എണ്ണം. മുവാസലാത്ത് കമ്പനിയുടെ സ്വദേശിവത്കരണ നിരക്ക് 93 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. ഇതിൽ ബസുകളിലെ ആകെ യാത്രക്കാരിൽ 12.73 ശതമാനവും ഫെറികളിൽ 21.34 ശതമാനവും സ്ത്രീകളാണ്.
മുവാസലാത്ത് നടപ്പാക്കിയ ചില പദ്ധതികളും പരിഷ്കാരങ്ങളുമാണ് യാത്രക്കാരെ ആർഷിക്കാൻ സഹായകമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ അബൂദാബിയിലേക്കുള്ള ഒരു അന്താരാഷ്ട്ര സർവിസും മുവാസലാത്ത് അടുത്തിടെ പുനരാരംഭിച്ചിരുന്നു. യുഎഇയിലെ ബുറൈമി, അൽ ഐൻ വഴിയാണ് സർവിസ് നടത്തുന്നത്.