തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. പതഞ്ജലി ആയുർവേദ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയാണു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഖേദം പ്രകടിപ്പിച്ചത്. അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും ആണ് പതഞ്ജലി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ ബാലകൃഷ്ണ പറഞ്ഞു. അതേസമയം കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം ഉണ്ടായത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത് രംഗത്ത് എത്തിയത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ആയുർവേദ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബ രാംദേവും ഏപ്രിൽ 2നു നേരിട്ടു ഹാജരാകാൻ സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതാണു ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇതോടെയാണു കമ്പനി സത്യവാങ്മൂലം നൽകിയത്.