നെവാർക് -മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ക്യാബിൻ ക്രൂ അംഗങ്ങളോട് യാത്രക്കാരൻ മോശമായി പെരുമാറി. ഏഴ് മണിക്കൂറിലധികം ഇയാൾ വിമാനത്തിനകത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. നെവാർക്കിൽ നിന്ന് മുംബൈയിലേക്കുള്ള AI-144- എന്ന വിമാനം നെവാർക്കിൽ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം ഇയാൾ മറ്റൊരു സീറ്റിൽ ഇരുന്നു. ശേഷം ഒരു ഫ്ലൈറ്റ് അറ്റൻഡന്റുമായി വഴക്കിടുകയും ചെയ്തുവെന്ന് സാക്ഷി പറഞ്ഞു. ഒരു മണിക്കൂറോളം തർക്കം നീണ്ടുവെന്നും സാക്ഷി കൂട്ടിച്ചേർത്തു.
കുറച്ച് സമയത്തിന് ശേഷം ഇയാൾ പരിഭ്രാന്തിയോടെ നിലവിളിച്ചുകൊണ്ട് വിമാനത്തിനുള്ളിൽ നടക്കാൻ തുടങ്ങി. കൂടാതെ വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് ക്യാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടു. വിമാനത്തിലെ ജീവനക്കാർ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജീവനക്കാരോട് അയാൾ അസഭ്യം പറയുകയും വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഷിഫ്റ്റിൽ എത്തിയിട്ടില്ലാത്ത ചില ക്യാബിൻ ക്രൂ സാഹചര്യം ലഘൂകരിക്കാനുള്ള ശ്രമത്തിൽ സാധാരണ വസ്ത്രത്തിൽ പുറത്തിറങ്ങുക വരെയുണ്ടായി.
അതേസമയം അയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഭർത്താവിനെ ഭയന്ന് ഭാര്യ ഇക്കണോമി ക്ലാസിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം യാത്രക്കാരനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ ഇയാൾക്ക് മയങ്ങാനുള്ള മരുന്ന് കുത്തിവച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർക്കും നന്ദി അറിയിച്ചുകൊണ്ട് വിമാനത്തിന്റെ ക്യാപ്റ്റൻ പിന്നീട് പ്രഖ്യാപനം നടത്തി. എന്നാൽ സംഭവത്തെക്കുറിച്ച് എയർലൈൻ ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.