പാറശ്ശാല ഷാരോൺ വധക്കേസിൽ ഷാരോണും ഗ്രീഷ്മയും താമസിച്ചെന്ന് പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും ഇന്ന് ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയെയും കൊണ്ട് ഇന്നലെ വെട്ടുകാട് പള്ളിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. വെട്ടുകാട് പള്ളിയില്‍ വെച്ച് കുങ്കുമം ചാര്‍ത്തി പ്രതീകാത്മകമായി താലികെട്ടിയെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി.
ഷാരോൺ രാജ് നിർബന്ധിച്ചിട്ടാണ് വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചതെന്നാണ് ഗ്രീഷ്മ മൊഴി നൽകിയത്. വേളിയിൽ വിശ്രമിക്കുമ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ ഉത്തരങ്ങൾ. തെളിവെടുപ്പിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജി നിയമോപദേശം നൽകി. ഡിജിപി ഓഫീസിൻ്റെ അഭിപ്രായം അറിഞ്ഞശേഷമാണ് നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലാണ്.
ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിൻ്റെ കുടുംബം പ്രതികരിച്ചു. ഇപ്പോൾ കേസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും കുടുംബം സംശയിക്കുന്നു.